Kerala
തിരുവനന്തപുരം: ആരോഗ്യരംഗത്ത് വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് മുൻഗണന. അതിൽ യാതൊരു വിട്ടു വീഴ്ചയും ആരും പ്രതീക്ഷിക്കേണ്ടതില്ല.
വീഴ്ചകളിൽ കർശന നടപടികളുണ്ടാകും. ചില പ്രശ്നങ്ങൾ ഉയന്നു വന്നത് പരിഹരിക്കാൻ ഉത്തരവാദിത്വപൂണമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Kerala
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) മരിച്ച സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്തു. കഴിഞ്ഞ 16നാണ് ഒമ്പതു മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ നൗഷിജയെ ശ്വാസ തടസവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്.
ഹൃദയാഘാതമാകാം മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആശുപത്രികളിലെ ചികിത്സാ പിഴവിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യുവതിയുടെ മരണം സംഭവിച്ചത്.
Kerala
ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന പരാതിയിൽ വിദഗ്ധ സംഘം ഇന്നു തെളിവെടുക്കും. വാഹനാപകടത്തെത്തുടർന്ന് പരിക്കേറ്റ് ചികിത്സ തേടിയ തുറവൂർ വളമംഗലം മേനോംവീട്ടിൽ രാധാകൃഷ്ണപിള്ളയുടെ കൈയിൽനിന്നുമാണ് 63 ദിവസത്തിനു ശേഷം അഞ്ചു ചില്ലു കഷ്ണം പുറത്തെടുത്തിരുന്നു.
കഴിഞ്ഞ ഡിസംബർ 16ന് കളവംകോടം പാലത്തിനു സമീപം തെരുവ് നായ വട്ടം ചാടിയതിനെത്തുടർന്നു രാധാകൃഷ്ണപിള്ള സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോയുടെ ചില്ലുകൾ ഇദ്ദേഹത്തിന്റെ കൈയിൽ തറച്ചുകയറിയിരുന്നു.
തുടർന്നു ചേർത്തല ഗവ. ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, അന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വിശദമായി പരിശോധിക്കാതെ മുറിവിൽ ഡ്രസ് ചെയ്തു വിട്ടെന്നും രാധാകൃഷ്ണ പിള്ള പറഞ്ഞു. രണ്ടു മാസം പിന്നിട്ടിട്ടും മുറിവ് ഉണങ്ങാതെ വരികയും കടുത്ത വേദന ഉണ്ടാകുകയും ചെയ്തതോടെ ചേർത്തലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന് മുറിവിൽനിന്ന് അഞ്ചു ചില്ല് കഷ്ണങ്ങൾ പുറത്തെടുത്തു. ഇതോടെ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിലാണെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. മന്ത്രി വീണാ ജോർജിനും മുഖ്യമന്ത്രി പിണറായി വിജയനും രാധാകൃഷ്ണപിള്ള പരാതി നൽകി. ഇതിനെത്തുടർന്നാണ് വിദഗ്ധസംഘം ഇന്ന് ആശുപത്രിയിൽ എത്തുന്നത്.
Kerala
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ഇന്ന് കൈമാറും. ചികിത്സ പിഴവെന്ന പരാതിയിൽ അന്വേഷണം നടത്തിയ വിദഗ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും.
തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളിലെ വിദഗ്ധരാണ് അന്വേഷണം നടത്തിയത്. ശാസ്ത്രകിയ ഉപകരണം കുടുങ്ങിയതിൽ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയയെയും നഴ്സിംഗ് ഓഫീസർ ധന്യയെയും സസ്പെൻഡ് ചെയ്തിരുന്നു.
വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. ശസ്ത്രക്രിയ സമയത്ത് യൂണിറ്റ് ചീഫായിരുന്ന ഡോ.ലളിതാംബിക സർവീസിൽ നിന്ന് വിരമിച്ചതിനാൽ ഇവർക്ക് എതിരായ നടപടിയിലും ആരോഗ്യവകുപ്പ് ഉടൻ തീരുമാനം എടുക്കും.
Kerala
കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ശനിയാഴ്ച. ഉഷയുടെ നില തൃപ്തികരമാണെന്ന് അമൃത ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 ഓടെയാണ് ഉഷയുടെ സിടി സ്കാൻ എടുത്തത്. കത്രിക സ്ഥാനം മനസിലാക്കാനായാണ് സിടി സ്കാൻ എടുത്തത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമൃതയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് യോഗം ചേരും. ഇതിലാണ് ശനിയാഴ്ചത്തെ ശസ്ത്രക്രിയയെ കുറിച്ചുള്ള തീരുമാനം എടുക്കുക. ശസ്ത്രക്രിയയിൽ ഏതൊക്കെ ഡോക്ടർമാർ പങ്കെടുക്കണം എന്ന് യോഗത്തിൽ തീരുമാനിക്കും.
അമൃതയിൽ അഡ്മിറ്റ് ചെയ്ത ഉഷയ്ക്ക് വേദന കുറയാനുള്ള മരുന്നാണ് നൽകിയിരിക്കുന്നത്. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉഷയുടെ മകൻ ഷിബിനെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇന്നു തന്നെ പരാതി നല്കി നിയമപരമായി മുന്നോട്ടു പോകുമെന്നു ഉഷ ജോസഫിന്റെ മകന് ഷിബിന്‍. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും ഷിബിന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
അമ്പലപ്പുഴ പോലീസിലും എറണാകുളം പോലീസിനും പരാതി കൊടുക്കും. നമ്മള്‍ക്കു വന്നതു പോലെ മറ്റാര്‍ക്കും വരാന്‍ പാടില്ലെന്നു കരുതിയാണ് കേസുമായി മുന്നോട്ടുപോകുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണം. നഷ്ടപരിഹാരം വേണം. പല സ്ഥലത്തും ചികിത്സയ്ക്കായി പോയി. അമ്മ ഒരുപാട് അനുഭവിച്ചു. ഇതാണ് പ്രശ്നമെന്നു കണ്ടുപിടിക്കാനായില്ല. ഇപ്പോഴാണ് അറിയുന്നത്.
വീട്ടിൽ പോയി കണ്ടു
ഡോക്ടറുടെ വീട്ടില്‍പോയി പൈസ കൊടുത്തു കണ്‍സൾട്ട് ചെയ്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടില്‍ പോയി കണ്ടതിനു ശേഷമാണ് ഡോക്ടര്‍ ലളിതാംബിക വണ്ടാനത്തേക്കു റെഫര്‍ ചെയ്തത്. ഇനി വണ്ടാനം മെഡിക്കല്‍ കോളജിലേക്കുതന്നെ പോയി ഓപ്പറേഷന് നടത്താൻ അമ്മയ്ക്കു നല്ല പേടിയുണ്ട്.
ഇടയ്ക്കു വേദന വരുമ്പോള്‍ ഓപ്പറേഷന് ചെയ്തതു കൊണ്ടായിരിക്കുമെന്നാണ് കരുതിയത്.
വേദന വന്ന് ആശുപത്രിയില്‍ പോയപ്പോള്‍ മൂത്രത്തില്‍ കല്ലാണെന്നായിരുന്നു അവർ സംശയിച്ചിരുന്നത്. അതിനു വേണ്ടി എക്സറേ എടുത്തപ്പോഴാണ് കത്രിക കണ്ടെത്തിയത്. വേദന വരുമ്പോഴൊക്കെ ആശുപത്രിയില്‍നിന്നു മരുന്നു തന്നു വിടുകയാണ് ചെയ്തിട്ടുള്ളത്. ആശുപത്രിയില്‍നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ അങ്ങോട്ടു പോയപ്പോള്‍ തിങ്കളാഴ്ച വന്നാല്‍ മതി സര്‍ജറി ചെയ്തു മാറ്റി തരാമെന്നാണ് പറഞ്ഞതെന്നും ഷിബിന്‍ പറഞ്ഞു.
Kerala
ചേർത്തല: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് വിവാദമായിരിക്കെ ചേർത്തല താലൂക്ക് ആശുപത്രിക്കെതിരേയും ചികിത്സാപിഴവ് പരാതി.
അപകടത്തിൽ പരിക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണൻ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്.
ഓട്ടോഡ്രൈവറാണ് 60കാരനായ രാധാകൃഷ്ണൻ പിള്ള. ഡിസംബർ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുൾപ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ, മുറിവ് ഉണങ്ങാതെ വന്നതിനെ തുടർന്ന് രാധാകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നു.
ഇതിന് ശേഷം കൈയിൽ നിരന്തരം വേദന അനുഭവിക്കുകയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിന്റെ കഷണം തറച്ചിരുന്നത് വ്യക്തമായത്. മുറിവ് തുന്നിക്കെട്ടി 63 ദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെയാണ് അഞ്ചു ചില്ലു കഷണങ്ങൾ പുറത്തെടുത്തത്.
സംഭവത്തിൽ ഡോക്ടർക്കെതിരെ മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ് രാധാകൃഷ്ണപിള്ള. മുഖ്യമന്ത്രിക്കും പരാതി നല്‍കും. ഇനി ആർക്കും ഈ ദുരനുഭവം ഉണ്ടാകരുതെന്നും രാധാകൃഷ്ണപിള്ള പ്രതികരിച്ചു.
Kerala
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് കെ.സി.വേണുഗോപാൽ എംപി. എംപിയുടെ ഇടപെടലിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി ഉഷയെ എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു.
അമൃതയിലെത്തിച്ച ഉഷയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ എത്തി പരിശോധിച്ചതിന് ശേഷം തുടർ ചികിത്സ തീരുമാനിക്കും. ആവശ്യമെങ്കിൽ ശസ്ത്രക്രിയ ഉടൻ നടത്തുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 2021 മേയ് മൂന്നിന് വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിൽ ഉഷ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അനുഭവപ്പെട്ടതിനാൽ വർഷങ്ങളായി ഉഷ മരുന്നു കഴിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണത്തിന് ഡിഎംഒ ഉത്തരവിട്ടു.
സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരേ കെ.സി.വേണുഗോപാൽ രൂക്ഷവിമർശനം ഉന്നയിച്ചു. സിസ്റ്റം സമ്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റബോധഭാരത്താൽ പ്രബുദ്ധകേരളത്തിന്റെ ശിരസ് താഴ്ത്തുന്നതാണ് സംഭവമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Kerala
തിരുവനന്തപുരം : വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം മലയിൻകീഴിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ചു.
തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. മലയിൻകീഴ് താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാൻ മന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലംകോണം സ്വദേശിയായ ബിസ്മിൻ മരിച്ചത്. കടുത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് യുവാവ് വിളപ്പിൽശാലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്. അവിടെവച്ച് പ്രാഥമിക ചികിത്സ പോലും നൽകാതെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബിസ്മിൻ മരിച്ചിരുന്നു. സംഭവത്തിൽ ബിസ്മിന്റെ കുടുംബം മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകി.
Kerala
കല്‍പ്പറ്റ: പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ പോലീസ് കേസെടുത്തു. ചികിത്സാ പിഴവ് ആരോപിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഒക്ടോബര്‍ 20നായിരുന്നു മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ യുവതിയുടെ പ്രസവം നടന്നത്. 25ന് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും മാനന്തവാടി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ കാണുകയും ചെയ്തു.
എന്നാല്‍ വെള്ളം കുടിക്കാത്തതാണ് പ്രശ്നമെന്ന് പറഞ്ഞ് യുവതിയെ ഡോക്ടര്‍ മടക്കി അയച്ചു. ഇതിന് പിന്നാലെ യുവതിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടുകയും ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍ വിശദമായ പരിശോധന പോലും നടത്താതെ മടക്കി അയച്ചു.
തുടർന്നാണ് ശരീരത്തിൽ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതി മന്ത്രി ഒ.ആര്. കേളുവിനും പോലീസിനും പരാതി നല്‍കുകയായിരുന്നു.
Kerala
കൽപ്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് രണ്ടര മാസത്തിനുശേഷം തുണിക്കഷ്ണം കണ്ടെത്തി. മാനന്തവാടി സ്വദേശിയായ ദേവി (21) നാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ഒക്ടോബർ പത്താം തീയതിയാണ് യുവതിയുടെ പ്രസവം നടന്നത്. പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും ചികിത്സലഭിച്ചില്ലെന്നും പരാതിയുണ്ട്.
ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണിക്കഷ്ണം വയറ്റിൽ കുടുങ്ങാൻ കാരണമെന്നാണ് ആക്ഷേപം. ഡോക്ടർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകി.
Kerala
അമ്പലപ്പുഴ: വാഹനാപകടത്തെത്തുടർന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തുന്നലും പ്ലാസ്റ്ററുമിട്ട യുവാവിന്റെ കാലിൽ അഞ്ചുമാസത്തിനു ശേഷം ഫൈബർ ചില്ല് കണ്ട സംഭവത്തിൽ അന്വേഷണം തുടങ്ങി. യുവാവിന്റെ പരാതിയിൽ മെഡിക്കൽ കോളജ് സുപ്രണ്ട് നാലംഗ സമിതിയെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്.
പുന്നപ്ര കൊച്ചുപറമ്പിൽ അനന്തുവിന് (27) ജൂലൈ 17-നാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ബൈക്ക് മറിയുകയായിരുന്നു. വലതു കാൽമുട്ടിനു താഴെ മുറിവേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആദ്യദിവസം മുറിവിൽ തുന്നലിട്ടു. അടുത്ത ദിവസം അസ്ഥി രോഗ വിഭാഗത്തിലെ ഡോക്ടർമാർ പ്ലാസ്റ്ററുമിട്ടു.
നീരും വേദനയും കുറയാതായപ്പോൾ അനന്തു വീണ്ടും ആശുപത്രിയിൽ എത്തി. തീവ്രപരിചരണ വിഭാഗത്തിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ കിടക്കയില്ലാത്തതിനാൽ മറ്റേതെങ്കിലും ആശുപത്രിയിൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചെന്ന് അനന്തുവിന്റെ ബന്ധുക്കൾ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ആശുപത്രി വിടുന്നതായി എഴുതിക്കൊടുത്താണു ഡിസ്ചാർജ് ചെയ്തത്.
തുടർന്ന് ഡിസംബർ 30ന് സഹകരണ വകുപ്പിനു കീഴിലുള്ള ആശുപത്രിയിലെത്തി എക്സ്റേ എടുത്തപ്പോൾ മുറിവേറ്റ ഭാഗത്ത് രണ്ട് സെന്റിമീറ്റർ നീളമുള്ള ഫൈബർ ചില്ല് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ടിനും അമ്പലപ്പുഴ പോലീസിനും അനന്തു പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു.
ആർഎംഒ ഡോ. ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. വിനോദ് കുമാർ, ജനറൽ സർജറി വിഭാഗത്തിലെ ഡോ. അനിൽകുമാർ എന്നിവരെ അന്വേഷണത്തിൽ നിയോഗിച്ചതായി സൂപ്രണ്ട് ഡോ. എ. ഹരികുമാർ അറിയിച്ചു. ഉടൻ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗി മരണമടഞ്ഞ സംഭവത്തില്‍ തുച്ഛമായ തുക നഷ്ടപരിഹാരം നല്കാന് വിസമ്മതിച്ച് കുടുംബത്തെ ആരോഗ്യവകുപ്പ് വട്ടംകറക്കിയത് 16 വര്‍ഷം. ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കുശേഷം അതേ തുകതന്നെ നല്‍കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.
2004ല്‍ വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (നിലവില്‍ വയനാട് ഗവ. മെഡിക്കല്‍ കോളജ്) യില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന് മരണമടഞ്ഞ രാജു എന്നയാളുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ നല്കാന് മടിച്ചാണ് 16 വര്‍ഷം ആരോഗ്യവകുപ്പ് നിയമപോരാട്ടം നടത്തിയത്.
രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് 2004 ജൂണ്‍ എട്ടിന് ഡോ. കെ.ജി. രഘുവിനെ ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് രാജുവിന്റെ കുടുംബം നല്കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടത്.
ആശ്രിതര്‍ക്ക് മൂന്നു ലക്ഷം രൂപ നല്കാന് 2009 നവംബര്‍ നാലിനാണ് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടത്. നഷ്ടപരിഹാരം നല്‍കാതെ നടപടികള്‍ നീണ്ടുക്കൊണ്ടുപോയ ആരോഗ്യ വകുപ്പ് 2010ല്‍ ഹൈക്കോടതിയില്‍ ദേശീയമനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ചോദ്യംചെയ്ത് ഹര്‍ജി നല്കി. ഈ കേസില്‍ 15 വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് കോടതി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ശരിവച്ച് വിധി പുറപ്പെടുവിച്ചത്.
രോഗി മരിച്ച സംഭവത്തില്‍ ഡോക്ടറെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തതിലൂടെ, ചികിത്സാപ്പിഴവ് സംഭവിച്ചതായും അതുവഴി മനുഷ്യാവകാശലംഘനം നടന്നതായും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തുക നല്‍കണമെന്നു വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് നഷ്ടപരിഹാരം നല്കാന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കഴിഞ്ഞദിവസം ഉത്തരവിറക്കുകയായിരുന്നു.
അതിനിടെ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ച നഷ്ടപരിഹാരത്തേക്കാള്‍ കൂടുതല്‍ തുക ആരോഗ്യവകുപ്പ് നഷ്ടപരിഹാരം കൊടുക്കാതിരിക്കാനുളള നിയമനടപടികള്‍ക്കായി ചെലവഴിച്ചതായാണു സൂചന. നഷ്ടപരിഹാരം ഉടന്‍ കൊടുക്കാന്‍ ഉത്തരവിറക്കിയെങ്കിലും ഏതു ഫണ്ടില്‍നിന്നാണു തുക നല്കേണ്ടെതെന്നതില് ഇനിയും അവ്യക്തതയുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Kerala
പാലക്കാട്: പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. വണ്ടി താവളം സ്വദേശി നാരായണൻ കുട്ടിയുടെ കുഞ്ഞാണ് മരിച്ചത്.
ആശുപത്രി ജീവനക്കാരുടെ ചികിത്സാ പിഴവിനെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് പിതാവ് നാരാണയൻ കുട്ടി ആരോപിച്ചു.
ബുധനാഴ്ചയായിരുന്നു താലൂക്ക് ആശുപത്രിയിൽ സിസേറിയൻ ചെയ്യുന്നതിനുള്ള തീയതി നൽകിയിരുന്നത്. ചൊവ്വാഴ്ച രാവിലെ ഭാര്യയ്ക്ക് പ്രസവ വേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.
കുഞ്ഞിന്റെ കാൽ ആദ്യം പുറത്ത് വരുന്ന നിലയിലായിരുന്നു. പ്രസവത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Kerala
പത്തനംതിട്ട: കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി കലപ്പമണ്ണിൽ മായ (58) ആണ് മരിച്ചത്.
ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയക്ക് വിധേയ ആയിരുന്നു മായ. ചികിത്സാ പിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം.
സങ്കീർണ്ണമായ ശസ്ത്രക്രിയ ആവശ്യമായി വന്നുവെന്നും ബന്ധുക്കളെ ബോധ്യപ്പെടുത്തിയാണ് നടപടികൾ ചെയ്തത് എന്നുമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ അനാസ്ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ബുധനാഴ്ച മരിച്ചത്.
വേണുവിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.
ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് ആറ് ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച വേണു.
Kerala
വയനാട്: മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് സർക്കാർ ആശുപത്രിയിൽ നിന്ന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് പരാതി. കൈയിൽ തുളച്ചു കയറിയ കല്ല് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തില്ലെന്നാണ് ആരോപണം.
ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മുടക്കൊല്ലി സ്വദേശിയായ അഭിലാഷിന് പരിക്കേറ്റത്. വീഴ്ചയിൽ അഭിലാഷിന്റെ കൈയ്ക്കും കാലിനും നടുവിനും പരിക്കേറ്റു.
ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും കൈയിൽ തുളച്ചുകയറിയ കല്ല് നീക്കം ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് വേദന കൂടിയതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. തുളച്ചു കയറിയ കല്ല് ഇവിടെവച്ച് നീക്കം ചെയ്തെന്നും അഭിലാഷ് പ്രതികരിച്ചു.
District News
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കണ്ണിന് ശസ്ത്രക്രിയ നടത്തിയപ്പോൾ കണ്ണ് മാറി കുത്തിവയ്പ്പ് എടുത്ത സംഭവത്തിൽ ആശങ്കയേറുന്നു. ഡോക്ടർക്ക് മുമ്പും സമാനമായ പിഴവ് സംഭവിച്ചിരുന്നതായി രോഗിയുടെ കുടുംബം പരാതിപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ ഇടത് കണ്ണാണ് വൃത്തിയാക്കി തയ്യാറാക്കിയിരുന്നതെങ്കിലും, കുത്തിവയ്പ്പ് നടത്തിയത് വലത് കണ്ണിലാണ്. ഇത് കാഴ്ചയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബം. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പിഴവ് എങ്ങനെ സംഭവിച്ചു, മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.